Saturday, 26 March 2011

എന്റെ സാഹിത്യ രചന തുടങ്ങുന്നത് ആറാം ക്ലാസ്സില്‍ വച്ചിട്ടാണ്.
ഇത് കുറച്ചു കൂടുതലല്ലേ എന്ന് നിങ്ങള്‍ വിചാരിച്ചേക്കാം. പക്ഷെ,അന്നൊക്കെ രണ്ടു വയസ്സിലെ ആശാന്‍ പള്ളിക്കൂടത്തില്‍ കൊണ്ട് ചെന്നാക്കും.
അവിടെ ആശാന്റെ കണ്ണുരുട്ടും പിച്ചും നുള്ളുമൊക്കെ ആയി നാല് വയസ്സാവുംപോളേക്ക് മലയാളം വാക്കുകള്‍ പഠിച്ചു കഴിയും. ഞാന്‍ നാലാം ക്ലാസ്സില്‍ ആയപ്പോളക്ക് എം ടി യെയൊക്കെ വായിച്ചു എന്ന് പറഞ്ഞാല്‍ വിശ്വാസം വരുമോ..? പക്ഷെ,സത്യമാണ്.
അന്നൊക്കെ എല്ലാ ബുധനാഴ്ചയും സാഹിത്യ രംഗം എന്നൊരു പരിപാടി നടത്തും. അതിലേക്കു അവതരിപ്പിക്കാന്‍ ഒരു നാടകമാണ് ഞാന്‍ സൃഷ്ടിച്ചത്. എഴുതുന്നത്‌ ആരെയെങ്കിലും കാണിക്കണമല്ലോ. വീട്ടില്‍ ആരെയെങ്കിലും കാണിക്കാന്‍ ധൈര്യമില്ല. അന്ന് കണക്കു പഠിപ്പിക്കുന്ന സഹദേവന്‍ സാര്‍ കുറച്ചൊക്കെ എഴുതുന്ന ആളാണെന്നു കേട്ടിട്ടുണ്ട്. ഒരു വൈകുന്നേരം ഞാന്‍ എന്റെ കൃതിയുമായി ടീച്ചേര്‍സ് റൂമില്‍ ചെന്നു. കുട്ടികളുടെ കഥ തന്നെയാണ് നാടകത്തിന്റെ വിഷയം. നന്നായി പഠിക്കുന്ന പാവപ്പെട്ട കുട്ടിയെ പണക്കാരുടെ അമ്മ അപമാനിക്കുന്നതോ മറ്റോ ആയിരുന്നു. അന്നത്തെ കാലവും പ്രായവും ഒക്കെ ആയിരുന്നത് കൊണ്ട് മറ്റു വികൃതികളൊന്നും എഴുതിക്കാണ്‌കയില്ല.
ഞാന്‍ വളരെ വിഷമിച്ചു പേപ്പര്‍ സാറിന്റെ കയ്യില്‍ കൊടുത്തു. ലജ്ജകൊണ്ടാവാം,ബ്ലൌസിന്റെ തുമ്പില്‍ തെരുപ്പിടിച്ചു കുനിഞ്ഞു നിന്നു.'ഉടുപ്പേന്നു കയ്യെടുക്ക്,സാര്‍ ആജ്ഞാപിച്ചു

വായിച്ചു കഴിഞ്ഞു സാര്‍ എന്റെ നേരെ കണ്ണുതുറുപ്പിച്ചു നോക്കി. ഞാനതോടെ ഇല്ലാതായി.
'നിന്റെ വീടെവിടാ..? സാര്‍ ചോദിച്ചു. ഞാന്‍ സ്ഥലം പറഞ്ഞു.
അതെത് താലൂക്കിലാന്നറിയുമോ..?
എനിക്കാണോ അറിയാത്തത്..? പറഞ്ഞു.
ഏതാ ജില്ല..?
പിന്നല്ല,അതും പറഞ്ഞു.
നീ വടക്കെവിടെയെങ്കിലും എവിടെയെങ്കിലും പോയിട്ടുണ്ടോ,വല്ല ബന്ധു വീട്ടിലോ മറ്റോ..?
ചേര്‍ത്തല പോലും മുഴുവന്‍ കണ്ടിട്ടില്ലാത്ത ഞാനാ..ഞാന്‍ നിഷേധാര്‍ത്ഥത്തില്‍ തല കുലുക്കി.
സാറിന്റെ ശബ്ദം ഉയര്‍ന്നു, പിന്നെന്തിനാ ഈ വള്ളുവനാടന്‍ ഭാഷ ഉപയോഗിച്ചത്..?
സാര്‍ പേന തോടുവിച്ചിരുന്ന ഭാഗത്തേക്ക് ഞാന്‍ പാളി നോക്കി. കഥാ നായികയെ പണക്കാരായ കുട്ടികള്‍ ഒരു പിറന്നാളിന് ക്ഷണിക്കുകയാണ്. 'വരണംട്ടോ.. ഇല്യച്ചാല് ഞാന്‍ ഇനി മിണ്ടില്യ..എന്നാണ് കാച്ചിയിരിക്കുന്നത്‌.
'എം ടീമോക്കെ.. ഞാന്‍ കരഞ്ഞു പോയി.
സാര്‍ ചിരിച്ചു. എന്നെ അടുത്ത് വിളിച്ചു തോളില്‍ തട്ടി പറഞ്ഞു.'കുട്ടി, അവരൊക്കെ അവരുടെ ഭാഷയില്‍ ആണ് എഴുതുന്നത്‌. നീ കാണുന്നത്,അറിയുന്നത്, അനുഭവിക്കുന്നത്.. അത് വേണം എഴുതാന്‍.. എന്നാലെ എഴുത്ത് നന്നാവൂ...
എഴുത്തിനെക്കുറിച്ച് അത്രത്തോളം മൂല്യമുള്ള ഒരു ഉപദേശം വേറെ എനിക്ക് കിട്ടിയിട്ടില്ല.